ഐ പി എല്‍ ലൈവായി കാണൂ

2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

ലങ്കന്‍ പൂരം ഇന്നുമുതല്‍


ഹംബന്റോട്ട: നാലാമത് ട്വന്റി ലോകകപ്പ് പൂരത്തിന് ഇന്ന് ശ്രീലങ്കയില്‍ തുടക്കം. ഇനി മൂന്നാഴ്ചക്കാലം കൂട്ടിക്രിക്കറ്റിന്റെ വീ റും വാശിയും അതോടൊപ്പം മനോഹര മുഹൂര്‍ത്തങ്ങളും ആസ്വദിക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരും കിരീടഫേവറിറ്റുകളുമായ  ശ്രീലങ്ക താരതമ്യേന ദുര്‍ബലരായ സിംബാബ്വെയുമായി കൊമ്പുകോര്‍ക്കും.  ഇന്ത്യന്‍ സമയം വൈകീട്ട് 07.30നാണ് മല്‍സരം.

നാലു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ എട്ടിലേക്ക് പ്രവേശനം നേടും. ഇംഗ്ളണ്ടാണ് നിലവിലെ ചാംപ്യന്‍മാര്‍. ഇംഗ്ളണ്ടിനെ കൂടാതെ ഇന്ത്യയും പാകിസ്താനുമാണ് ട്വന്റി ലോകകപ്പില്‍ മുത്തമിട്ടിട്ടുള്ള രാജ്യങ്ങള്‍. അടുത്തമാസം ഏഴിനാണ് ഫൈനല്‍.

 പ്രഥമ ട്വന്റി ലോകകപ്പ് ചാംപ്യന്‍മാരായ ഇന്ത്യയുടെ ആദ്യ മല്‍സരം നാളെയാണ്.  ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളി. നാളെ ആദ്യ മല്‍സരത്തില്‍ ആസ്ത്രേലിയ അട്ടിമറി വീരന്‍മാരായ അയര്‍ലന്‍ഡുമായി കൊമ്പുകോര്‍ക്കും.

മികച്ച ജയത്തോടെ സൂപ്പര്‍ എട്ട് പ്രവേശനം എളുപ്പമാക്കാനുറച്ചാണ് ലങ്കന്‍ ടീം ഇന്ന് സിംബാബ്വെയെ നേരിടാനൊരുങ്ങുന്നത്.  സ്വന്തം കാണികള്‍ക്കു മുന്നില്‍ തങ്ങളുടെ ആദ്യ കുട്ടിക്രിക്കറ്റ് കിരീടം സ്വന്തമാക്കുകയാണ് ലങ്കന്‍ ടീമിന്റെ ലക്ഷ്യം. സിംബാബ്വെയെ താരതമ്യം ചെയ്യുമ്പോള്‍  മഹേല ജയവര്‍ധനെ നയിക്കുന്ന ലങ്കന്‍ ടീം ശക്തരാണ്.   ഇന്നത്തെ മല്‍സരത്തില്‍ ജയിക്കാനായി സിംബാബ്വെയ്ക്ക് നന്നായി വിയര്‍ക്കേണ്ടിവരും.

ലോകകപ്പിനു മുന്നോടിയായി നടന്ന അദ്യ സന്നാഹമല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡിസിനോട് തകര്‍പ്പന്‍ ജയം നേടിയ ശ്രീലങ്കയ്ക്ക് ഇന്ത്യക്ക് മുന്നില്‍ അത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം സന്നാഹമല്‍സരത്തില്‍ 26 റണ്‍സിനാണ് ഇന്ത്യക്ക് മുന്നില്‍ ലങ്ക മുട്ടുമടക്കിയത്. എന്നാല്‍ സിംബാബ്വെയ്ക്കെതിരേ മികച്ച മാര്‍ജിനില്‍ ജയിച്ച്  ഗ്രൂപ്പ് ചാംപ്യന്‍മാരായി മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് ലങ്കന്‍ ടീം.

ഗ്രൂപ്പ് സിയില്‍ സിംബാബ്വെയെ കൂടാതെ  ശക്തരായ ദക്ഷിണാഫ്രിക്കയാണ് ശ്രീലങ്കയുടെ മറ്റൊരു എതിരാളി. അതിനാല്‍ സിംബാബ്വെയെ പോലെ ശ്രീലങ്കയ്ക്കും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്.  2009ല്‍ ഇംഗ്ളണ്ട് ആതിഥേയത്വം വഹിച്ച ട്വന്റിയില്‍ ലോക കിരീടം കൈയെത്തും ദൂരത്താണ് ലങ്കയ്ക്ക് നഷ്ടമായത്  അത് ഇത്തവണ കൈക്കലാക്കാനവുമെന്ന ശൂഭപ്രതീക്ഷയിലാണ് ജയവര്‍ധനെയുടെ കീഴിലുള്ള ലങ്കന്‍ ടീം.

ജയവര്‍ധനെയെ കൂടാതെ തിലകരത്നെ ദില്‍ഷന്‍, കുമാര്‍ സങ്കക്കാര, എയ്ഞ്ചലോ മാത്യൂസ് എന്നിവരടങ്ങിയ ശക്തമായ ബാറ്റിങ് ലൈനപ്പ് ശ്രീലങ്കയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ലസിത് മലിങ്ക നയിക്കുന്ന ബൌളിങ് സംഘത്തില്‍ അജന്ത മെന്‍ഡിസും നുവാന്‍ കുലശേഖരയും ചേരുന്നതോടെ ലങ്ക കൂടുതല്‍ ശക്തരാവും.

കരുത്തരുടെ ഗ്രൂപ്പിലായതിനാല്‍ സിംബാബ്വെ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല. ഒരു അട്ടിമറി ജയം സൂപ്പര്‍ എട്ടിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നതിനാല്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് സിംബാബ്വെ തയ്യാറെടുക്കുന്നത്.  ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും സിംബാബ്വെയ്ക്ക് ട്വന്റിയിലൂടെ നേടാന്‍ കഴിഞ്ഞിട്ടില്ല.

ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹമല്‍സരത്തില്‍ കളിച്ച രണ്ടുകളികളിലും തോറ്റാണ്  സിംബാബ്വെയുടെ വരവ്. ആദ്യ മല്‍സരത്തില്‍ അയര്‍ലന്‍ഡിനോടും രണ്ടാമങ്കത്തില്‍ ബംഗ്ളാദേശിനോടുമാണ് സിംബാബ്വെ തകര്‍ന്നടിഞ്ഞത്.  ഇന്ന് ലങ്കയെ തോല്‍പ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിംബാബ്വെ ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ ടെയ്ലര്‍. സിംബാബ്വെ നിരയില്‍ അധികവും പുതുമുഖങ്ങളാണ്. ജയത്തിനായി ഇരു ടീമും മികച്ച പോരാട്ടം കാഴ്ചവയ്ക്കുമെന്നതിനാല്‍ ഉദ്ഘാടന മല്‍സരം തീപ്പാറും.